A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

103-ാമത് ഐപിസി ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 17 മുതല്‍ കുമ്പനാട്ട്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു - ജോയ് തുമ്പമണ്‍


കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) 103-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2027 ജനുവരി 17 മുതല്‍ 24 വരെ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കും. വിശ്വസ്തത എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന കുമ്പനാട് കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജനുവരി 17 ഞായറാഴ്ച വൈകിട്ട് 5.30ന് ഐപിസി ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഡോ. ടി. വല്‍സന്‍ ഏബ്രഹാം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനു മുന്നോടിയായി ജനുവരി 12 മുതല്‍ 15 വരെ നടക്കുന്ന നാഷണല്‍ പാസ്റ്റേഴ്സ് കോണ്‍ഫറന്‍സും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി ഹെബ്രോന്‍പുരത്തെ പ്രയര്‍ ചേംബറില്‍ നടക്കുന്ന 103 ദിവസത്തെ ഉപവാസ പ്രാര്‍ഥന ജനുവരി 11ന് സമാപിക്കും. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ 6 വരെ പ്രഭാത പ്രാര്‍ഥന, 8 മുതല്‍ 9.30 വരെ ബൈബിള്‍ ക്ലാസ്, 10 മുതല്‍ 12.30 വരെ പകല്‍ പൊതുയോഗം, വൈകിട്ട് 5.25 മുതല്‍ രാത്രി 8.45 വരെ പൊതുയോഗം എന്നിവ നടക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ മ്യൂസിക് ഫെസ്റ്റ്, മിഷന്‍ ആന്‍ഡ് മിനിസ്ട്രി സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.30 വരെ മമ്രെ കോര്‍ട്ടില്‍ ഹിന്ദി സമ്മേളനവും നടക്കും.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ വിമന്‍സ് ഫെലോഷിപ്പ് സമ്മേളനവും ശനിയാഴ്ച ഇതേ സമയത്ത് ജനറല്‍ സണ്‍ഡേ സ്കൂള്‍ڊപിവൈപിഎ സംയുക്ത സമ്മേളനവും നടക്കും. സമാപന ദിവസമായ ജനുവരി 24 ഞായറാഴ്ച രാവിലെ 7.30 മുതല്‍ 10 വരെ കര്‍ത്തൃമേശ ശുശ്രൂഷയും തുടര്‍ന്ന് 10 മുതല്‍ 12 വരെ സമാപന സമ്മേളനവും നടക്കും. ലോകമെമ്പാടുമുള്ള 17,000ത്തിലധികം ഐപിസി പ്രാദേശിക സഭകളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കു പുറമേ അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വിശ്വാസികളും ശുശ്രൂഷകരും എത്തും. വിവിധ സമ്മേളനങ്ങളില്‍ കണ്‍വന്‍ഷന്‍ ക്വയര്‍ സംഗീതാരാധനയ്ക്ക് നേതൃത്വം നല്‍കും. പ്രമുഖ സംഗീതജ്ഞരും ഗായകരും ക്വയറിനൊപ്പം അണിനിരക്കും. കണ്‍വന്‍ഷന്‍റെയും നാഷണല്‍ പാസ്റ്റേഴ്സ് കോണ്‍ഫറന്‍സിന്‍റെയും സുഗമമായ നടത്തിപ്പിനായി ഐപിസി ജനറല്‍ കൗണ്‍സില്‍ വിവിധ ക്രമീകരണങ്ങള്‍ക്കായി ഉപസമിതികള്‍ രൂപീകരിച്ചു.

പ്രാര്‍ഥന പാസ്റ്റര്‍ കെ.പി. കുര്യന്‍, സംഗീതം പാസ്റ്റര്‍ ഡോ. ടി. വല്‍സന്‍ ഏബ്രഹാം, പബ്ലിസിറ്റി പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്, സ്വീകരണം പാസ്റ്റര്‍ റെജി ഓതറ, താമസസൗകര്യം പാസ്റ്റര്‍ പി.ജി. ഏബ്രഹാം, വിജിലന്‍സ്, സുരക്ഷ, വോളന്‍റിയേഴ്സ് ലെഫ്. കേണല്‍ വി.ഐ. ലൂക്ക്, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഡോ. കാച്ചാണത്ത് വര്‍ക്കി ഏബ്രഹാം, ഭക്ഷണം ജനറല്‍ എക്സിക്യൂട്ടീവ്സ്, കര്‍ത്തൃമേശ പാസ്റ്റര്‍ വില്‍സണ്‍ ജോസഫ്, രജിസ്ട്രേഷന്‍ പാസ്റ്റര്‍ കെ.എം. ജോര്‍ജ്, ഗതാഗതം ചെറിയാന്‍ ജോര്‍ജ്, കൗണ്‍സലിങ് പാസ്റ്റര്‍ ജെയിംസ് ചാക്കോയും ഭാര്യയും, ഓഫറിങ് കളക്ഷന്‍ ബാബു മാത്യു, ഹിന്ദി സമ്മേളനം പാസ്റ്റര്‍ കെ. കോശി, യൂത്ത് അഡ്വാന്‍സ് പാസ്റ്റര്‍ കിങ്സ്ലി ചെല്ലന്‍, പാര്‍ക്കിങ് ലെഫ്. കേണല്‍ വി.ഐ. ലൂക്ക്, മെഡിക്കല്‍ ഡോ. ജോര്‍ജ് ടി. തോമസ്, ഫിനാന്‍സ് ഡോ. ജോണ്‍ ജോസഫ്, ഓഫീസ് ആന്‍ഡ് കൗണ്ടിങ് പാസ്റ്റര്‍ കെ.പി. കുര്യന്‍, പൊലൂഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഡോ.ജോണ്‍ ജോസഫ്, മീഡിയ പാസ്റ്റര്‍ ഡോ.ബേബി വര്‍ഗീസ്, പബ്ലിക് റിലേഷന്‍സ് പാസ്റ്റര്‍ തോമസ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. ഐപിസി ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഡോ. ടി. വല്‍സന്‍ ഏബ്രഹാം, വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ഡോ. ഫിലിപ്പ് പി. തോമസ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ. ബേബി വര്‍ഗീസ്, ജനറല്‍ ജോയിന്‍റ് സെക്രട്ടറിമാരായ പാസ്റ്റര്‍ തോമസ് ജോര്‍ജ്, ഡോ. കാച്ചാണത്ത് വര്‍ക്കി ഏബ്രഹാം, ജനറല്‍ ട്രഷറര്‍ ഡോ. ജോണ്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. താമസം, ഭക്ഷണം, ഗതാഗതം, സുരക്ഷ, പാര്‍ക്കിങ്, മെഡിക്കല്‍ സേവനം, രജിസ്ട്രേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പബ്ലിസിറ്റി ചെയര്‍മാന്‍ പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്, കണ്‍വീനര്‍ പാസ്റ്റര്‍ വര്‍ഗീസ് മത്തായി, ജോയിന്‍റ് കണ്‍വീനര്‍മാരായ ഫിന്നി പി. മാത്യു, ജോയ് തുമ്പമണ്‍, ഫിന്നി രാജു ഹൂസ്റ്റണ്‍ എന്നിവര്‍ അറിയിച്ചു.

2024 December