Back to Home
ചിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്ക മുന് നാഷണല് പ്രസിഡണ്ടും കൈരളി ടിവി ഡയറക്ടറുമായ ശിവ പണിക്കര് (ശിവന് മുഹമ്മ) ഇല്ലിനോയിയിലെ പ്ലെയിന്ഫീല്ഡ് വില്ലേജ് ട്രസ്റ്റിയായി എതിരില്ലാതെ വിജയിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരന് ഇവിടെ മത്സരിക്കുന്നതും വിജയിക്കുന്നതും.
55,000 ഓളം ജനസംഖ്യയുള്ള പ്ലെയിന്ഫീല്ഡ് ചിക്കാഗോയില് നിന്ന് ഏതാണ്ട് 35 മൈല് അകലെയുള്ള സമ്പന്നമായ വില്ലേജ് ആണ്. വോട്ടര്മാര് 28,000. അതില് 1500 ല് പരം പേര് ഇന്ത്യക്കാരാണ്.
ആറു ട്രസ്റ്റിമാരും വില്ലേജ് പ്രസിഡന്റും (മേയര്) അടങ്ങിയ ബോര്ഡാണ് വില്ലേജിന്റെ ഭരണം നടത്തുന്നത്. മൂന്നു ട്രസ്റ്റിമാരെ വേണ്ട സ്ഥാനത്ത് നാല് പേര് മത്സര രംഗത്തുണ്ടായിരുന്നു. എന്നാല് ഒരാളെ അയോഗ്യനാക്കിയതിനാല് മൂന്ന് പേരും വിജയിക്കുകയായിരുന്നു. ഇലക്ഷന് പാര്ട്ടി അടിസ്ഥാനത്തിലല്ലെങ്കിലും റിപ്പബ്ലിക്കന് പാര്ട്ടി ശിവ പണിക്കാരെ പിന്തുണച്ചിരുന്നു. എതിരില്ലായിരുന്നുവെങ്കിലും വോട്ടെടുപ്പ് നടന്നു. 2000 ല് പരം വോട്ട് ശിവ പണിക്കര്ക്ക് ലഭിച്ചു.
മേയര് സ്ഥാനത്തേക്കുള്ള മത്സരത്തില് നിലവിലെ മേയര് ജോണ് അര്ഗൗഡെലിസ് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു.
കാമ്പെയ്ന് ചെയര്മാന് ഡെയ്ല് ഫൊന്റാന; കോ ചെയര് രാജ് പിള്ള; സെക്രട്ടറി ഷിബു കുര്യന്; അംഗങ്ങള് ശിശിര് ജെയിന്, മദന് പാമുലപതി, രാജന് മാടശേരി, സുബാഷ് ജോര്ജ് എന്നിവരാണ് ശിവ പണിക്കരുടെ ഇലക്ഷന് കമ്മിറ്റിയില് ഉണ്ടായിരുന്നത്.
ഫിസിക്സില് ബിരുദാനന്തര ബിരുദം നേടി 1995ല് യുഎസില് എത്തിയ ശിവന് മുഹമ്മ വിവര സാങ്കേതികവിദ്യയില് നിരവധി സര്ട്ടിഫിക്കേഷനുകള് നേടി. വെബ് ഡിസൈന് മുതല് പലചരക്ക് കടകളും മെഡിക്കല് ഓഫീസുകളും വരെ മാനേജ് ചെയ്തു. സോഫ്റ്റ് വെയര് എഞ്ചിനീയറായി ജോലി ചെയ്യുകയും വിജയകരമായ ബിസിനസുകള് നടത്തുകയും ചെയ്തു. ഇപ്പോള് മുഴുവന് സമയ സ്റ്റോക്ക് വ്യാപാരി എന്ന നിലയിലുള്ള വിശാലമായ അനുഭവം ട്രസ്റ്റിയായി സേവിക്കാന് തന്നെ പ്രാപ്തനാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഭാര്യ 25 വര്ഷമായി ഈ പ്രദേശത്തു ഫിസിഷ്യനാണ്.