Back to Home
ഡോ.രവി തഥാനിയെ സീഡാര്‍സ്സിനായ് ഹോസ്പിറ്റലിന്‍റെ ആദ്യ ചീഫ് ഫിസിഷ്യന്‍ എക്സിക്യൂട്ടീവ് ആയി നിയമിച്ചു
- പി പി ചെറിയാന്‍

ലോസ് ആഞ്ചലസ്: പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ നെഫ്രോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. രവി തഥാനിയെ സീഡാര്‍സ്സിനായ് മെഡിക്കല്‍ സെന്‍ററിന്‍റെ ആദ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്, ചീഫ് ഫിസിഷ്യന്‍ എക്സിക്യൂട്ടീവ്, ഡീന്‍ ഓഫ് ദ മെഡിക്കല്‍ ഫാക്കല്‍റ്റി എന്നീ പദവികളിലേക്ക് നിയമിച്ചു. സെപ്റ്റംബര്‍ 1ന് അദ്ദേഹം ചുമതലയേല്‍ക്കും.
സ്ഥാപനത്തിന്‍റെ ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍, അക്കാദമിക് പ്രോഗ്രാമുകള്‍, ഗവേഷണങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ്ണ മേല്‍നോട്ടം ഡോ.രവി തഥാനിക്കായിരിക്കും.
നിലവില്‍ സീഡാര്‍സ്സിനായില്‍ ക്ലിനിക്കല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഇമോറി യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റല്‍, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ എന്നിവിടങ്ങളിലും പ്രമുഖ നേതൃപദവികള്‍ വഹിച്ചിട്ടുണ്ട്.
വൃക്കരോഗങ്ങളെക്കുറിച്ചും ഗര്‍ഭകാലത്തെ സങ്കീര്‍ണതകളെക്കുറിച്ചുമുള്ള (പ്രത്യേകിച്ച് പ്രീ എക്ലാംപ്സിയ) അദ്ദേഹത്തിന്‍റെ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ളതാണ്. പ്രീ എക്ലാംപ്സിയ തിരിച്ചറിയുന്നതിനായി യു.എസ്. എഫ്.ഡി.എ അംഗീകരിച്ച ആദ്യ പരിശോധന വികസിപ്പിച്ചതില്‍ അദ്ദേഹത്തിന്‍റെ ഗവേഷണം നിര്‍ണായകമായിരുന്നു.
നാഷണല്‍ അക്കാദമി ഓഫ് മെഡിസിന്‍ (2025), അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാ ന്‍സ്മെന്‍റ് ഓഫ് സയന്‍സ് എന്നിവയുടെ ഫെലോ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.