Back to Home
മതപരമായ ജീവകാരുണ്യ സംഘടനകള്‍ക്ക് 200 കോടി ഡോളറിന്‍റെ ചരിത്രപരമായ
ഫണ്ടുമായി ട്രംപ് ഭരണകൂടം
- പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: വിദേശ സഹായ രംഗത്ത് ചരിത്രപരമായ പ്രഖ്യാപനവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്. ആഗോള ആരോഗ്യ മാനുഷിക സേവനങ്ങള്‍ക്കായി വിശ്വാസാധിഷ്ഠിത സംഘടനകള്‍ക്ക് ഏകദേശം 200 കോടി ഡോളറിന്‍റെ പങ്കാളിത്ത ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്തരം സംഘടനകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള ആരോഗ്യ വിദേശ സഹായമാണിത്. വേള്‍ഡ് വിഷന്‍, കംപാഷന്‍ ഇന്‍റര്‍നാഷണല്‍, സമരിറ്റന്‍സ് പഴ്സ് തുടങ്ങിയ പ്രമുഖ ആഗോള സംഘടനകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
അമേരിക്ക ഫസ്റ്റ് ആഗോള ആരോഗ്യ തന്ത്രത്തിന്‍റെ ഭാഗമായി, 20ലധികം രാജ്യങ്ങളിലെ വിശ്വാസാധിഷ്ഠിത ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കുമായി 140 കോടി ഡോളര്‍ വകയിരുത്തിയിരിക്കുന്നു. ഇതിലൂടെ 30,000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും പിന്തുണയും ലഭിക്കും.
ദുരന്തമുഖങ്ങളില്‍പെട്ട 7 ദശലക്ഷത്തോളം ആളുകളിലേക്ക് സഹായം എത്തിക്കുന്നതിനായി സമരിറ്റന്‍സ് പഴ്സിനും മറ്റ് കണ്‍സോര്‍ഷ്യങ്ങള്‍ക്കുമായി 53.8 കോടി ഡോളര്‍ അനുവദിച്ചു. ഇതില്‍ 10 കോടി ഡോളറിലധികം തുക ലോകമെമ്പാടുമുള്ള സ്വാഭാവിക ദുരന്തങ്ങളെ നേരിടാന്‍ ഉടന്‍ ലഭ്യമാക്കും.