
Back to Home
നെയ്റോബി: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയില് ചൊവ്വാഴ്ച പുലര്ച്ചെ ചെറുവിമാനം തകര്ന്നുവീണു. മസായി മാര നാഷനല് റിസര്വിലേക്കുള്ള യാത്രാമധ്യേ 12 പേര് മരിച്ചതായി സംശയിക്കുന്നതായി അധികൃതര് പറഞ്ഞു.
ഡയാനി എയര്സ്ട്രിപ്പില്നിന്ന് ഏകദേശം 40 കിലോമീറ്റര് അകലെ വനത്തിനടുത്തുള്ള കുന്നിന് പ്രദേശത്താണ് അപകടമുണ്ടായതെന്ന് അധികൃതര് പറഞ്ഞു. യാത്രക്കാര് എല്ലാവരും വിദേശ വിനോദസഞ്ചാരികളാണ്. അവര് ഏത് രാജ്യക്കാരാണെന്ന് പിന്നീട് സ്ഥിരീകരിക്കുമെന്നും ക്വാലെ കൗണ്ടി കമീഷണര് സ്റ്റീഫന് ഒറിന്ഡെ പറഞ്ഞു.
സെസ്ന കാരവന് വിഭാഗത്തില്പ്പെട്ട വിമാനത്തില് 12 പേര് ഉണ്ടായിരുന്നുവെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും കെനിയ സിവില് ഏവിയേഷന് അതോറിറ്റി അറിയിച്ചു. എത്ര യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ കണക്കുകള് വ്യക്തമല്ല. പറന്നുയര്ന്ന് മിനിറ്റുകള്ക്ക് ശേഷം വിമാനം തകര്ന്നുവീണ് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞ വിമാനാവശിഷ്ടങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര് പറഞ്ഞു.
ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള് പറഞ്ഞു, സംഭവസ്ഥലത്ത് എത്തിയപ്പോള് തിരിച്ചറിയാന് കഴിയാത്ത വിധം കത്തിക്കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങള് കണ്ടെത്തി.
