
Back to Home
ന്യൂഡല്ഹി: ലോകത്ത് ഓരോ 10 മിനിറ്റിലും ഒരിടത്ത് ഒരു സ്ത്രീ തനിക്ക് അടുപ്പമുള്ള ഒരാളാല് കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭ. സ്ത്രീഹത്യകള് അഥവാ ഫെമിസൈഡ് തടയുന്നതില് കാര്യമായ പുരോഗതി കൈവരിക്കാന് കഴിഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ നവംബര് 24ന് പുറത്തിറക്കിയ റിപ്പോര്ട്ടില് പറയുന്നു. സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് യുഎന് ഓഫീസ് ഓണ് ഡ്രഗ്സ് ആന്ഡ് ക്രൈം, യുഎന് വിമന് എന്നിവര് സംയുക്തമായി പുറത്തിറക്കിയ റിപ്പോര്ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
വര്ഷം തോറും അരലക്ഷം പേര്ക്ക് ജീവന് നഷ്ടപ്പെടുന്നു.
2024ല് ഏകദേശം 50,000 സ്ത്രീകളും പെണ്കുട്ടികളുമാണ് അവരുടെ ഭര്ത്താവ്, കാമുകന് തുടങ്ങിയ പങ്കാളികളുടെയോ അല്ലെങ്കില് അച്ഛന്, അമ്മാവന്, അമ്മ, സഹോദരന്മാര് പോലുള്ള കുടുംബാംഗങ്ങളുടെയോ കൈകളാല് കൊല്ലപ്പെട്ടത്.
ഈ കണക്ക് 117 രാജ്യങ്ങളില് നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. അതായത്, ലോകമെമ്പാടും ദിവസവും 137 സ്ത്രീകളെ കൊല്ലുന്നു, അല്ലെങ്കില് ഏകദേശം ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു എന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു.
ലോകത്ത് കൊല്ലപ്പെടുന്ന സ്ത്രീകളില് 60 ശതമാനം പേരും പങ്കാളികളോ ബന്ധുക്കളോ ആയ ആളുകളാലാണ് കൊല ചെയ്യപ്പെടുന്നത്. ഇതിനെ താരതമ്യം ചെയ്യുമ്പോള്, പുരുഷന്മാരുടെ കൊലപാതക ഇരകളില് 11 ശതമാനം പേര് മാത്രമാണ് അടുപ്പമുള്ളവരാല് കൊല്ലപ്പെടുന്നത്.
2023ല് റിപ്പോര്ട്ട് ചെയ്ത മൊത്തം സ്ത്രീഹത്യകളുടെ എണ്ണത്തേക്കാള് 2024ലെ 50,000 എന്ന കണക്ക് അല്പം കുറവാണെങ്കിലും, ഇത് യഥാര്ത്ഥത്തിലുള്ള കുറവായി കണക്കാക്കാന് കഴിയില്ലെന്ന് റിപ്പോര്ട്ട് പറയുന്നു. രാജ്യങ്ങള് തോറും ഡാറ്റ ലഭ്യതയിലുള്ള വ്യത്യാസങ്ങളാണ് ഇതിന് പ്രധാന കാരണം.
ഓരോ വര്ഷവും പതിനായിരക്കണക്കിന് സ്ത്രീകളുടെയും പെണ്കുട്ടികളുടെയും ജീവന് ഫെമിസൈഡ് കവര്ന്നെടുക്കുന്നത് തുടരുകയാണെന്നും ഈ അവസ്ഥയില് പുരോഗതിയൊന്നും കാണുന്നില്ലെന്നും പഠനം പറയുന്നു. കൊലപാതക സാധ്യതയുടെ കാര്യത്തില്, സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കും ഏറ്റവും അപകടകരമായ ഇടം സ്വന്തം വീടാണ് എന്നും റിപ്പോര്ട്ട് വിലയിരുത്തുന്നു.
ലോകത്ത് ഒരു പ്രദേശത്തും സ്ത്രീഹത്യ കേസുകള് ഇല്ലാതെ പോകുന്നില്ല. എങ്കിലും 2024ല് ഏറ്റവും കൂടുതല് കേസുകള് റിപ്പോര്ട്ട് ചെയ്തത് ആഫ്രിക്കയിലാണ്; ഏകദേശം 22,000 കേസുകള്.
