
Back to Home

സൗത്ത് ബ്രണ്‍സ്വിക്ക്, ന്യൂജേഴ്സി: ലോക റെക്കോര്‍ഡുകളില്‍ ഇടംപിടിച്ച് നാല് വയസ്സുകാരന്‍ അദ്വൈത് ജെയിന്‍. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോര്‍ഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രണ്‍സ്വിക്കില്‍ നിന്നുള്ള അദ്വൈത് സ്വന്തമാക്കിയത്. 'പാണ്ഡ പബ്ലിഷിങ് ഏജന്‍സി' വഴി ഈ വര്‍ഷം ആദ്യം തന്‍റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ 3 വയസ്സും 345 ദിവസവുമായിരുന്നു അദ്വൈതിന്‍റെ പ്രായം.' ഡീനോ ലേണ്‍സ് നോട്ട് ടു വേസ്റ്റ് ഫുഡ്' എന്നാണ് പുസ്തകത്തിന്‍റെ പേര്.
പുതിയ പ്രീസ്കൂളില്‍ ചേര്‍ന്നപ്പോള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുപോകാന്‍ അനുവാദമില്ലാതിരുന്ന അദ്വൈതിന്‍റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന് ആധാരം. ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രമായ 'ഡീനോ'യിലൂടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്.
ചുവരുകളില്‍ വരച്ചുതുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്വൈത് തന്‍റെ കഥ പറയല്‍ ശേഷി പ്രകടിപ്പിച്ചത്. മകന്‍റെ ആശയങ്ങളും ചിത്രങ്ങളും ചുരുക്കക്കഥകളാക്കാന്‍ മാതാപിതാക്കളായ നീരജ് കുമാറും സോണല്‍ ബന്‍സാലും കൂടെനിന്നു. 2025 ജൂലൈയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 10 മാസം കൊണ്ടാണ് പൂര്‍ത്തിയായത്.
ലോകമെമ്പാടും ഇതിനോടകം 1,300ലധികം കോപ്പികള്‍ വിറ്റഴിഞ്ഞതായും വില്‍പ്പന പുരോഗമിക്കുന്നതായും അദ്വൈതിന്‍റെ പിതാവ് നീരജ് കുമാര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ അദ്വൈതിനെ തന്‍റെ ഓഫിസില്‍ വരുത്തി ആദരിച്ചു.
അദ്വൈതിന്‍റെ 12 കാരിയായ സഹോദരി അവ്യയും ഒരു എഴുത്തുകാരിയും ചിത്രകാരിയുമാണ്. 'ദി കോള്‍ ഓഫ് ദി നെതര്‍' ആണ് അവ്യയുടെ പുസ്തകം.
അദ്വൈതിനെയും സഹോദരി അവ്യയെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭിനന്ദിച്ചു. കുട്ടികളില്‍ ഭക്ഷണത്തോടുള്ള ആദരവും പാഴാക്കാതിരിക്കാനുള്ള അവബോധവും വളര്‍ത്താന്‍ അദ്വൈതിന്‍റെ പുസ്തകം സഹായിക്കുമെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. ഡീനോയുടെ പുതിയ പാഠങ്ങളുമായി അടുത്ത ഭാഗം (സീക്വല്‍) എഴുതുന്ന തിരക്കിലാണ് അദ്വൈത് ഇപ്പോള്‍.
