
Back to Home

ഡാളസ് ക്രിസ്തുരാജ ദേവാലയത്തില് പെരുന്നാളിനോട് അനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പെട്രോസ്ദി റോക്ക് എന്ന സിനിമാസ്കോപ്പ് ഡ്രാമ നാടകപ്രേമികളുടെ കണ്ണും കരളും ഹഠാദാകര്ഷിച്ച കലാവിരുന്നായി. കുറ്റബോധത്തിന്റെ ഉമിത്തീയില് നീറുന്ന പത്രോസിന്റെ ജീവിതത്തെ കേന്ദ്രബിന്ദുവാക്കി മുന്നോട്ടുനീങ്ങുന്ന നാടകം വൈകാരിക മുഹൂര്ത്തങ്ങളും ഹ്രദയസ്പര്ശിയായ സംഭാഷണങ്ങളും കൊണ്ട് സമ്പന്നമാണ്. ആധുനിക സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തി വേദിയില് അവതരിപ്പിച്ച ഈ ഡ്രാമ കൂടുതല് വേദികളില് ഫോര് ഡയമന്ഷന് നില് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇതിന്റെ അണിയറ പ്രവര്ത്തകര് സൂചിപ്പിച്ചു. നിറപ്പകിട്ടാര്ന്ന നൃത്തരംഗങ്ങളും ഉദ്യോഗഭരിതമായ സംഘട്ടന രംഗങ്ങളും, ഹൃദയഹാരിയായ ഗാനങ്ങളും ഉള്പ്പെടുത്തി എല്ലാ തലമുറയിലെ പ്രേക്ഷകര്ക്കും ആസ്വദിക്കാന് കഴിയുന്ന രീതിയില് ആണ് ഈ ഡോകുഡ്രാമ ഒരുക്കിയിരിക്കുന്നത്.
കൂട്ടം തെറ്റിയ പക്ഷി, തളിരണിയും കാലം, ഈ സ്വപ്നതീരത്ത് എന്നീ നാടകങ്ങള്ക്ക് ശേഷം ബിജോയ് തെരുവത്ത് എഴുതി സംവിധാനം ചെയ്ത് അമേരിക്കയില് അവതരിപ്പിക്കുന്ന നാലാമത്തെ നാടകമാണ് പെട്രോസ്ദി റോക്ക്. അതാത് പ്രദേശങ്ങളിലെ കലാകാരന്മാരെ കൂടി ഉള്പ്പെടുത്തിക്കൊണ്ട് അമേരിക്കയിലെ മറ്റു നഗരങ്ങളില് കൂടി ഈ നാടകം അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സൈമണ് ചാമക്കാല സൂചിപ്പിച്ചു.
