A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

മാഗില്‍ മഴവില്ലഴകായ് വിന്‍റേജ് കാര്‍ ഷോയും കാര്‍ണിവലും അരങ്ങേറി - സുജിത് ചാക്കോ


ഹൂസ്റ്റണ്‍: ടെക്സസ് സ്റ്റാഫോര്‍ഡ് സിറ്റിയിലെ കേരള ഹൗസില്‍ വര്‍ണ്ണാഭമായ കാറുകളുടെയും ബൈക്കുകളുടെയും പ്രദര്‍ശനവും കര്‍ണിവലും അരങ്ങേറി. പഴയ മോട്ടോര്‍ വാഹനങ്ങളുടെ ശ്രേണിയില്‍ 25 ഓളം കാറുകളും പത്തോളം ബൈക്കുകളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ഈ പ്രദര്‍ശനം കാണുവാനും ആസ്വദിക്കുവാനും നൂറുകണക്കിന് ആളുകളാണ് കേരള ഹൗസിലേക്ക് ഒഴികെയെത്തിയത്. മോട്ടോര്‍ വാഹനങ്ങളുടെ പ്രദര്‍ശനം ധാരാളം യുവാക്കളെ ആകര്‍ഷിച്ചു. നൃത്തങ്ങളും പാട്ടുകളുമായി വിവിധ കലാകാരന്മാര്‍ സായംസന്ധ്യയെ കാവ്യാത്മകമാക്കി. കുട്ടികള്‍ക്കായി മൂണ്‍ വാക്കും ഫെയ്സ് പെയിന്‍റിംഗും ഉള്‍പ്പെടുത്തിയിരുന്നു. വിഘ്നേഷ് ശിവനും ബിജോയ് തോമസും വിവിധ കളികള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിന്‍റെ തനത് രുചികളുമായി തട്ടുകടകളും ഒരുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് പ്രസിഡന്‍റ് ജോസ് കെ ജോണ്‍ പറഞ്ഞു.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്, കുട്ടികളുടെ മനസ്സികാരോഗ്യത്തിനും സുരക്ഷിതത്വത്തിനുമായുള്ള സേഫ് സോണ്‍, പാസ്പോര്‍ട്ട് ഫെയര്‍, മാഗ് നാഷണല്‍ സോക്കര്‍ ടൂര്‍ണമെന്‍റ്, ഫ്രണ്ട്സ് ഓഫ് ടെക്സസ് ഇന്‍റര്‍നാഷണലുമായി സഹകരിച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മീറ്റ് ആന്‍ഡ് ഗ്രീറ്റ്, സെന്‍റ് തോമസ് സിഎസ്ഐ ചര്‍ച്ചുമായി സഹകരിച്ച് താങ്ക്സ് ഗിവിങ് ടര്‍ക്കി ഡ്രൈവ് എന്നീ സാമൂഹിക സാംസ്കാരിക പ്രാധാന്യമുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. പ്രോഗ്രാം കോഡിനേറ്റര്‍ രേഷ്മ വിനോദ്, മിഖായേല്‍ ജോയ് (മിക്കി), വിഘ്നേഷ് ശിവന്‍, ജോസഫ് കൂനത്താന്‍, ബിജോയ് തോമസ് തുടങ്ങി മറ്റു ബോര്‍ഡ് അംഗങ്ങളുടെയും അക്ഷീണ പരിശ്രമങ്ങളുടെ ഫലമാണ് പരിപാടികളുടെ വലിയ വിജയം എന്ന് സെക്രട്ടറി രാജേഷ് വര്‍ഗീസ് അറിയിച്ചു.

ഏഴര ലക്ഷം രൂപ ചെലവില്‍ വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ഷഹീദിനും കുടുംബത്തിനും മാഗ് ഒരുക്കുന്ന വീടിന്‍റെ പണി ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ചാരിറ്റി കോര്‍ഡിനേറ്റര്‍ അലക്സ് തെക്കേതില്‍ അറിയിച്ചു.

2019 February