
Back to Home

വില്മിംഗ്ടണ്, ഡെലവെയര്: പ്രമുഖ ഇന്ത്യന് എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന് ബൈജു രവീന്ദ്രന് വ്യക്തിപരമായി 1.07 ബില്യണ് ഡോളര് (ഏകദേശം 8,900 കോടി) നല്കണമെന്ന് യു.എസിലെ ഡെലവെയര് പാപ്പരത്ത കോടതി വിധിച്ചു. 1.2 ബില്യണ് ഡോളര് ടേം ലോണുമായി ബന്ധപ്പെട്ട തര്ക്കത്തിലാണ് കോടതിയുടെ നടപടി.
ഡെലവെയര് പാപ്പരത്ത കോടതി ജഡ്ജി ബ്രണ്ടന് ഷാനണ് ആണ് ഈ ഡിഫോള്ട്ട് വിധി പുറപ്പെടുവിച്ചത്.
കോടതി ഉത്തരവുകള് ആവര്ത്തിച്ച് ലംഘിക്കുകയും, ഹാജരാകാനും ആവശ്യമായ രേഖകള് നല്കാനുമുള്ള നിര്ദ്ദേശങ്ങള് പാലിക്കാതിരിക്കുകയും ചെയ്തതിനാണ് ബൈജു രവീന്ദ്രനെതിരെ വിധി വന്നത്.
ബൈജൂസിന്റെ യു.എസ്. ധനസഹായ ഉപസ്ഥാപനമായ ബൈജൂസ് ആല്ഫയില് നിന്ന് പണം മാറ്റുന്നതിലും ഒളിപ്പിക്കുന്നതിലും ബൈജു രവീന്ദ്രന് ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി.
1.2 ബില്യണ് ഡോളര് ലോണ് കൈകാര്യം ചെയ്യാന് രൂപീകരിച്ച ബൈജൂസ് ആല്ഫയില് നിന്ന് 533 മില്യണ് മിയാമിയിലെ ഒരു ചെറിയ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റലിലേക്കും തുടര്ന്ന് മറ്റ് അനുബന്ധ സ്ഥാപനങ്ങളിലൂടെയും മാറ്റി ഒടുവില് ഒരു ഓഫ്ഷോര് ട്രസ്റ്റില് നിക്ഷേപിച്ചതായും കോടതി കണ്ടെത്തി.
ആരോപണങ്ങള് നിഷേധിച്ച ബൈജു രവീന്ദ്രന്, കോടതിയുടെ തീരുമാനം വേഗത്തിലാക്കിയതിനാല് ശരിയായ പ്രതിരോധം അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടെന്നും വിധി അപ്പീല് ചെയ്യുമെന്നും അറിയിച്ചു.
