Back to Home
കാനഡയില് ഇന്ത്യന് വംശജ കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചില് ഊര്ജിതമാക്കി പൊലീസ്

ടൊറന്റോ: കാനഡയിലെ ടൊറന്റോയില് ഇന്ത്യന് വംശജയായ മുപ്പതുകാരിയെ വീടിനുള്ളില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ടൊറന്റോ സ്വദേശിയായ ഹിമാന്ഷി ഖുറാന (30) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹിമാന്ഷിയുടെ പങ്കാളിയെന്ന് സംശയിക്കുന്നയാള്ക്കെതിരെ പൊലീസ് രാജ്യം മുഴുവന് തിരച്ചില് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാനഡ വൈഡ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ഡിസംബര് 19 വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഹിമാന്ഷിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്ന്ന് സ്ട്രാചന് അവന്യൂ, വെല്ലിങ്ടണ് സ്ട്രീറ്റ് വെസ്റ്റ് മേഖലകളില് പൊലീസ് രാത്രി മുഴുവന് തിരച്ചില് നടത്തി. എന്നാല് ശനിയാഴ്ച പുലര്ച്ചെ ആറരയോടെ വീടിനുള്ളില് ഹിമാന്ഷിയെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഹിമാന്ഷിയും പ്രതിയെന്ന് സംശയിക്കുന്നയാളും നേരത്തെ പരിചയമുള്ളവരാണെന്നും, ഇത് ഇന്റിമേറ്റ് പാര്ട്ണര് വയലന്സ്چആണെന്നും ടൊറന്റോ പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ആസൂത്രിതമായ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വരെ ഇയാള്ക്ക് ലഭിച്ചേക്കാം. കൊല്ലപ്പെട്ട ഹിമാന്ഷി ഖുറാന ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഒരു ഡിജിറ്റല് ക്രിയേറ്ററാണെന്നാണ് ലഭിക്കുന്ന വിവരം.