Back to Home
ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന് മംദാനിയുടെ അറസ്റ്റ് ഭീഷണിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞു.
പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ തിങ്കളാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിലെ ബ്ലൂ റൂമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നെതന്യാഹു. ലോകത്തില്‍ ഇതുപോലെ പലതരം ഭ്രാന്തുണ്ടെന്നും അതൊന്നും ഒരിക്കലും അവസാനിക്കില്ലെന്ന് താന്‍ കരുതുന്നു എന്നും ഇത് വെറും മണ്ടത്തരമാണ് എന്നും മംദാനിയെ കളിയാക്കിക്കൊണ്ട് നെതന്യാഹു അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ട്രംപിനൊപ്പം ന്യൂയോര്‍ക്കില്‍ എത്തുമെന്നും അവിടെവച്ച് കാണാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം, നെതന്യാഹുവിന്റെയും മുന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെയും അറസ്റ്റിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതിന്റെ വെളിച്ചത്തില്‍, നെതന്യാഹുവിനെ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മംദാനി സെറ്റിയോയോട് പറഞ്ഞിരുന്നു.
മംദാനിയുടെ ഭീഷണിയില്‍ വിഷമിക്കേണ്ട കാര്യമില്ലെന്ന് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രിയ്ക്ക് പരസ്യമായി ഉറപ്പു നല്‍കിയിട്ടുമുണ്ട്.
അദ്ദേഹം അമേരിക്കയില്‍ വന്നാല്‍ സുഖമായിരിക്കുമെന്നും മേയര്‍ ആരായിരിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല എന്നുമാണ് ട്രംപ് പറഞ്ഞത്. മംദാനി കമ്മ്യൂണിസ്റ്റാണ്, സോഷ്യലിസ്റ്റല്ല എന്നും ജൂത ജനതയെക്കുറിച്ച് അദ്ദേഹം വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നും ട്രംപ് തുറന്നടിച്ചു.
ലോകത്തിലെ ഏതൊരു നഗരത്തേക്കാളും ഏറ്റവും കൂടുതല്‍ ജൂത ജനസംഖ്യ ന്യൂയോര്‍ക്ക് നഗരത്തിലുണ്ട്, ഏകദേശം1.4 മില്യണ്‍. അതിവേഗം വളരുന്ന മുസ്ലീം ജനസംഖ്യയും സിറ്റിയിലുണ്ട്.